Wednesday, September 12, 2012

Harry പൊട്ടന്‍

"എടാ നിന്റെ ബ്ലോഗ്‌ ആകെപ്പാടെ കാട് പിടിച്ചു  കിടക്കുവാണല്ലോ, ആരും ഈ വഴിക്ക് വരാറോന്നും ഇല്ല അല്ലെ ?"

ഉത്തരം മുട്ടിച്ച ഒരു ചോദ്യം ആയിരുന്നു അത്. സംഭവം വാസ്തവം ആണെങ്കിലും  അത് അംഗീകരിക്കാന്‍  ഒരു മടി. അല്ലേലും ഈ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുക എന്നത് അവന്‍റെ ഹോബിയാണ്. ഹരി, അതാണ്‌ അവന്‍റെ പേര്.  പേരങ്ങനെയാണെങ്കിലും  ആവശ്യം വരുന്ന ചില സന്ദര്‍ഭങ്ങളില്,കൃത്യമായി പറഞ്ഞാല്,പരിഷ്കാരികളായ തരുണി മണികളുടെ അടുത്ത്, അവന്‍ സ്വയം പരിചയപ്പെടുത്തുന്നത് Harry എന്നാണ്.

ഓര്‍മ്മ വെച്ച കാലം മുതലുള്ള ചങ്ങാതി ആയതു കൊണ്ട് പറയുകയാണ് എട്ടിന്റെ പണി tender വിളിച്ചു എടുക്കുക എന്നതാണ് ഇവന്‍റെ കുലത്തൊഴില്‍ ..!!  സ്കൂളില്‍  പഠിക്കുന്ന കാലത്ത് ടീച്ചര്‍മാരുടെ കയ്യില്‍ നിന്ന് കിട്ടാനുള്ള അടി അവന്‍ എന്തെങ്ങിലും പറഞ്ഞു  പ്രിന്‍സിപാളിന്റെ-കയ്യില്‍നിന്നുള്ള-അടി ആക്കി മാറ്റും.   പലപ്പോഴും ഞാനും അറിഞ്ഞോ അറിയാതെയോ കൂട്ടുപ്രതി ആകാറുണ്ട്. ഒരു ഉദാഹരണം പറയാം, ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അസംബ്ലി സമയത്തുള്ള Prayer  time 'ല്‍ എല്ലാരും കണ്ണടച്ച് നില്‍ക്കേണം എന്നാണ് നിയമം. അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ പിന്നെ സ്വാഭാവികമായും കണ്ണ് തുറക്കാനുള്ള  ഒരു  temptation ആര്‍ക്കായാലും ഉണ്ടാകുമല്ലോ, അങ്ങനെ ഞാന്‍ പതിവുപോലെ  ഒരു ദിവസം prayer time'ല്‍   കണ്ണ് തുറന്നു നോക്കി.  നോക്കിയപ്പോള്‍ അവനും കണ്ണ് തുറന്നു എന്നേ നോക്കുന്നു, ഹോ  പറഞ്ഞറിയിക്കാന്‍ പറ്റാത്ത  ഒരു ആത്മ നിര്‍വൃതി..!! ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. പക്ഷെ അത് അധിക നേരം നീണ്ടു നിന്നില്ല  അസംബ്ലി കഴിഞ്ഞപ്പോതന്നെ ഞങ്ങളെ പ്രേമാ മിസ്സ്‌ പൊക്കി. 

"Prayer  time 'ല്‍  കണ്ണടച്ച് നില്‍ക്കേണം എന്ന് അറിഞ്ഞു കൂടെ ?" , ടീച്ചര്‍ന്‍റെ  വക ചോദ്യം ചോദ്യം ചെയ്യല്‍തുടങ്ങി. തല്ല്  തരുന്നതിനു മുമ്പായി ചോദ്യം ചെയ്യേണം എന്നാണല്ലോ ചരിത്രാതീതകാലം മുതല്കെ  പിള്ളേരെ തല്ലുന്നവരുടെ  കീഴ്വഴക്കം.

"അറിയാം മിസ്സ്, പക്ഷെ മുകളില്‍ മരച്ചില്ലയില്‍  ഇരുന്ന കാക്ക തലയില്‍ കാഷ്ടിക്കുമോ എന്ന് സംശയം തോന്നിയപ്പോ അറിയാതെ കണ്ണ് തുറന്നു നോക്കിയതാ", ഞാന്‍ പ്രപഞ്ചത്തിലെ സകല വിനയവും എന്നിലേക്ക്‌ ആവാഹിച്ചു മറുപടി പറഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞു തീരും മുന്‍പ് ഹരി മറ്റൊരു മറുപടി പറഞ്ഞു കഴിഞ്ഞിരുന്നു. 

"ടീച്ചറേ ദൈവത്തിനു മുന്നില്‍ എല്ലാരും ഒരുപോലാ. ടീച്ചര്‍ കണ്ണ് തുറന്നു നോക്കിയത് കൊണ്ടല്ലേ ഞങ്ങളെ കണ്ടത്, അപ്പൊ ടീച്ചറേ ആര് ശിക്ഷിക്കും?"

എടാ മഹാപാപി..!! നിനക്ക് 'ഞങ്ങള്‍' എന്ന് ബഹുവചനത്തില്‍ തന്നെ പറയണമാരുന്നല്ലേ.. വെറുതേ എനിക്കും കൂടി പണി വാങ്ങി തന്നു, ഞാന്‍ മനസ്സില്‍ പറഞ്ഞു.   എന്തായാലും അന്ന് ടീച്ചര്‍ ഞങ്ങളെ തല്ലിയില്ല. ആ വിഷയത്തില്‍ അന്ന് ഞങ്ങളെ തല്ലാന്‍ ഭാഗ്യം ലഭിച്ചത് പ്രിന്‍സിപാളിനായിരുന്നു.  

മറ്റൊരിക്കല്‍ അവന്‍ സയന്‍സ് പഠിപ്പിക്കുന്ന ടീച്ചറോട്‌ ചോദിച്ച ചോദ്യം കുറേ കാലത്തേക്ക് എനിക്ക് ഒരു പ്രഹേളികയായിരുന്നു. 

"ടീച്ചറേ, ഈ ഭൂമി കറങ്ങി കൊണ്ടിരിക്കുവല്ലേ, അപ്പൊ ഇവിടുന്നു ദുബായില്‍ പോകണം എങ്കില്‍ Plane  ല്‍ കേറി നേരേ മുകളിക്ക്‌ പോയാല്‍ പോരേ. എന്നിട്ട് ഭൂമി കറങ്ങുന്ന കൂട്ടത്തില്‍ Plane ന്‍റെ  നേരേ അടിയില്‍ ദുബായ് വരുമ്പോള്‍ തിരിച്ചു ലാന്‍ഡ്‌ ചെയ്‌താല്‍ പോരേ." - ഇതായിരുന്നു അവന്‍റെ സംശയം.     
       
 ഇത്രക്കൊന്നും കടുപ്പം പിടിച്ചതല്ലെങ്കിലും എന്‍റെ  ബ്ലോഗിനെ കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് പറയാന്‍ പ്രത്യേകിച്ച് മറുപടി ഒന്നും ഇല്ലായിരുന്നു. ഞാന്‍ അവനോടു ബ്ലോഗ്‌ തുടങ്ങിയതും പിന്നീട് മനു അണ്ണന്റെ കാര്യവും, പിന്നെ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതും ഒക്കെ പറഞ്ഞു.  

എല്ലാം കേട്ട് കഴിഞ്ഞപ്പോ അവന്‍ പറഞ്ഞു, "അതിപ്പോ ഒസാമ ബിന്‍ ലാദനെ എന്തായാലും ഒബാമ ഭരകൂടം പിടികൂടും എന്ന് ആര്‍ക്കാ അറിയാത്തത്"  

"ങേ..!! അതെന്താ അങ്ങനെ"  ഞാന്‍ ചോദിച്ചു.

"എടാ മണ്ടാ അതിനൊക്കെ ഒരു പ്രകൃതി നിയമം ഉണ്ട്" 

"എന്ന് വെച്ചാ..?"

"അത് അങ്ങനയെ  സംഭവിക്കുകയുള്ളൂ  എന്ന്"  

"ഒന്ന് തെളിച്ചു പറയടെയ് " 

"എടാ ഈ രാവണനെ വധിച്ചത് ആരാ ?"

"രാമന്‍."""

"രാമന്‍റെ പേരിന്‍റെ first ലെറ്റര്‍ എന്താ ?"

"R "

"രാവണന്റെയോ"

"അതും R "

"ഈ കംസനെ വധിച്ചത് ആരാ?" 

"കൃഷ്ണന്‍ "

"അവിടെയും first ലെറ്റര്‍  onnu തന്നെയല്ലേ? "

"അതേ..എന്ന് വെച്ച്...", ഞാന്‍ പറഞ്ഞു തുടങ്ങി.

പക്ഷെ അവന്‍ അത് കാര്യമാക്കാതെ തുടര്‍ന്നു, " എല്ലാം പോട്ടേ നമ്മുടെ ഗാന്ധിജിയെ വധിച്ചത് ആരാ ? "  

"ഗോഡ്സെ"

"അത് കൊണ്ടും തീര്‍ന്നില്ല,  ഈ കാട്ടു കൊള്ളകാരന്‍ വീരപ്പനെ വധിച്ചത് ആരാണ് എന്ന് അറിയാമോ?"  

"ബാലരമേലെ വിക്രമനും മുത്തുവും ആരിക്കും..!!", അല്ല പിന്നെ ഓരോ കാര്യം പറഞ്ഞു വരുന്നതേ..!!  

"നിനക്ക് അറിയില്ലെങ്കില്‍ പറഞ്ഞു തരാം, അത് ഒരു വിജയകുമാര്‍ എന്ന് പേരുള്ള ഒരാളുടെ നേതൃത്വത്തില്‍  ആയിരുന്നു, അതും V, അതുപോലെ തന്നെ ഒസാമ ബിന്‍ ലാദനെ  എന്ത് വന്നാലും ഒബാമ ഭരണകൂടം തന്നെ വധിക്കുമാരുന്നു."

"ഹോ കൊള്ളാം, പ്രത്യേകിച്ച് തൊഴില്‍ ഒന്നും ഇല്ലാത്തതു കൊണ്ട് എന്ത് വിവരക്കേട് വേണമെങ്കിലും ആലോചിച്ചു കൂട്ടാമല്ലോ"

"എന്ത് വിവരക്കേട്? ഇതൊക്കെ നിയതമായ പ്രപഞ്ച രഹസ്യങ്ങളാണ് സുഹൃത്തേ "   

"പിന്നെ മണ്ണാങ്കട്ട..!!  എങ്ങാനും ബുഷ്‌ ഭരണകാലത്ത് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടരുന്നെങ്കില്‍ നിന്റെ ഈ theory എല്ലാം തെറ്റില്ലാരുന്നോ " 

"ഇല്ല അപ്പോഴും തെറ്റില്ല, അപ്പൊ ബുഷ്‌ ബിന്‍ ലാദനെ വധിച്ചു എന്ന് പറയും ..രണ്ടും B ..!!"   

ആ നിമിഷം എനിക്ക് ഉത്തരം മുട്ടി. 

എനിക്ക് അവനോടു ഒന്നേ ചോദിക്കാന്‍ ഉള്ളായിരുന്നു,  "അളിയാ നീ എന്‍റെ ബ്ലോഗില്‍ വല്ലപ്പോഴും എന്തെങ്കിലും എഴുതി തരാമോ..ഞാന്‍ അത് എന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്തോളാം please"


 

Wednesday, September 14, 2011

ആമുഖം - III


ഈ ബ്ലോഗ്‌ വായിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായും സംശയം തോന്നാം, ഇവെനെന്താ ഈ ബ്ലോഗില്‍ ആമുഖം മാത്രമേ എഴുതുക ഉള്ളോ എന്ന്. ക്ഷമിക്കേണം ഇതാണ് ആമുഖത്തിന്റെ  അവസാന ഭാഗം..സത്യം..!!! 


ഇത്രെയും നീളത്തില്‍ ആമുഖം എഴുതാന്‍ ഇതെന്താ മെഗാ സീരിയലിന്റെ തിരകഥ ആണോ എന്ന് സംശയിക്കേണ്ട.  ഒരു മെഗാ സീരിയലിന്റെ അത്രയും  വരില്ലെങ്കിലും ഒരു റിയാലിറ്റി ഷോയുടെ അത്രെയും എങ്കിലും നിങ്ങളെ ബോര്‍ അടിപ്പിക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍ ഇത് എഴുതുന്നത്. മറ്റൊരു തരത്തിലും ഈ ബ്ലോഗിനെ ഒരു റിയാലിറ്റി ഷോയുമായി താരതമ്യം ചെയ്യാം, അതായത് ഇതില്‍ നിങ്ങള്‍ വായിക്കുന്ന പല കാര്യങ്ങളും സത്യമാണ് എന്ന് നിങ്ങള്‍ക്ക് ഒരു പക്ഷെ തോന്നിയേക്കാം, പക്ഷെ  അതിലൊന്നും ഒരു വാസ്തവവും ഉണ്ടാകില്ല, എന്നാലും അവിടെയും ഇവിടെയും ചിലപ്പോ വല്ല സത്യങ്ങളും കണ്ടെന്നും വന്നേക്കാം. നമുക്ക് ചുറ്റുമുള്ള പലരെയും പോലെ എനിക്കും Reality കുറവാണ്, എന്നാല്‍ Show ഇറക്കുന്നതിനു ഒരു കുറവും ഇല്ല എന്നും  കൂട്ടിക്കോളു. അതു പോലെ തന്നെ ഈ ബ്ലോഗില്‍  ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റുകള്‍ വന്നേക്കാം, പക്ഷെ പല റിയാലിറ്റി ഷോ അവതാരകരെയും പോലെ മലയാള ഭാഷയെ കൊന്നു കൊല വിളിച്ച് അതിന്റെ പോക കണ്ടേ അടങ്ങു എന്നുള്ള വാശി ഒന്നും എനിക്കില്ല. മലയാള ഭാഷ നമ്മുടെ തറവാട്ടമ്മ എന്ന കവി ഭാവന വിസ്മരിക്കുന്നില്ലെങ്കിലും ഇംഗ്ലീഷ് ഭാഷക്ക് ഒരു ഭാര്യയുടെ സ്ഥാനം നല്‍കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഇനി ഈ ബ്ലോഗിന്റെ പേരിനെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ, ഈ ബ്ലോഗിനെ നിങ്ങള്‍ക്ക് വൈകുണ്ഡം എന്നോ Why..?? കുന്തം...!!! എന്നോ വിളിക്കാം.. മലയാളത്തിലെ വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതുമ്പോള്‍ സംഭവിക്കാവുന്ന അബദ്ധങ്ങള്‍ ഒരുപാടാണ്‌. നാടുണരുന്നു (NADUNARUNNU) എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ അതു നാട് നാറുന്നു  എന്ന് വായിക്കാം എന്ന് പണ്ടേ അഴീകൊടുള്ള ഒരു മാഷ്‌ ചൂണ്ടി കാണിച്ചതാണ്.  കുറച്ചു നാള്‍ മുന്‍പ് പ്രണയം എന്ന സിനിമയുടെ ട്രെയിലര്‍ കാണാന്‍ യു ടുബില്‍ PRANAYAM എന്ന് സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയിരുന്നത് ഏതോ വടക്കേ ഇന്ത്യന്‍ സന്യാസി പ്രാണായാം എന്ന പേരില്‍ കാണിക്കുന്ന അഭ്യാസങ്ങളാണ്. ഈ ബ്ലോഗിന്റെ പേരിനും ഇതുപോലെ ഒരു പ്രത്യേകത ഉണ്ടെന്നു വേണമെങ്കില്‍ പറയാം.    പേര് കൊണ്ട് ഞാന്‍ ഒരു വിഷ്ണു ആയതിനാല്‍ ആണ് വൈകുണ്ഡം എന്ന പേര്, അത് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതുമ്പോള്‍ Why..?? കുന്തം...!!! എന്ന് വായിക്കുന്ന രീതിയിലും എഴുതാം. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് മലയാളികള്‍ പണ്ട് തൊട്ടേ പറയുന്ന ഉത്തരമാണ്- "കുന്തം..!!!" മനസിലാകാത്ത കാര്യങ്ങളെ നമ്മള്‍ "ആ എന്തോ  കുന്തം" എന്ന് പറഞ്ഞു  തള്ളി കളയാറുണ്ട്. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നുള്ള പഴമൊഴിയില്‍ നിന്ന് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നത് കുന്തവും മലയാളികളും തമ്മില്‍ ഇഴ പിരിയാത്ത ബന്ധമാണ് വര്‍ഷങ്ങളായി നില നിന്ന് പോരുന്നത് എന്ന വസ്തുതയാണ്. അങ്ങേനെയുള്ള മലയാളികള്‍ക്കായി ഞാന്‍ മറ്റൊരു കുന്തവും കൊണ്ട് വരുന്നു. 

 വൈകുണ്ഡം  അഥവാ  Why..?? കുന്തം...!!!

എന്തു കുന്തമാണോ എന്തോ ..!! 

Thursday, May 5, 2011

ആമുഖം - II

ഇവിടെ ആരും ഇല്ലേ..?? ആരും  ഇല്ലേ എന്നാണ് ചോദിച്ചത്.. !!

ശബ്ദം കേട്ട് ഞാന്‍ ഉച്ച മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. മാമ്പഴ പുളിശ്ശേരിയും, മീന്‍ കറിയും കൂട്ടി കുശാലായി ചോറുണ്ടിട്ട് ഒന്ന് മയങ്ങാന്‍ കിടന്നപോഴേക്കും  ശല്യം ചെയ്യാന്‍ വന്നവനെ പ്രാകിക്കൊണ്ട്‌ ഞാന്‍ വാതില്‍ക്കല്‍ ചെന്ന് ആരാണ് എന്ന് നോക്കി. അതാ വാതില്‍ക്കല്‍ മനു അണ്ണന്‍ . 

"ങാ മനു അണ്ണന്‍ ആയിരുന്നോ? എന്താ വിശേഷിച്ച്‌?"

"ഞാന്‍ നിന്നെ കണ്ടു രണ്ടു വര്‍ത്തമാനം പറയാന്‍ വന്നതാ" .. എന്റെ ഉള്ളൊന്നു കാളി. ഈശ്വരാ ഞാന്‍ ഇങ്ങേരുടെ കയ്യില്‍ നിന്നും വല്ലോം കടം വാങ്ങിയാരുന്നോ ?.. ഇല്ലെന്നാണ് എന്റെ ഓര്‍മ. ഇനി  രണ്ടു ദിവസമായി മിസ്ഡ് കോള്‍ അടിക്കുന്ന ആ പെങ്കൊച്ചു മനു അണ്ണന്റെ ആരെങ്കിലും ആയിരിക്കുമോ.. ഏയ് അവള്‍ പാലക്കാട്‌ ഏതോ തീരപ്രദേശത്ത് ആണ് വീട് എന്നലേ പറഞ്ഞത്, അപ്പൊ അതും ആവില്ല. പിന്നെ ഇനി ഇന്നലെ റോഡില്‍ കൂടി പോയ ആ പട്ടു പാവടാക്കാരി പെണ്‍കുട്ടി മനു അണ്ണന്റെ ആരെങ്ങിലും ആയിരുന്നിരിക്കുമോ? പടച്ചോനെ...!! ആണെങ്ങില്‍ പണി പാളി..!!

മേല്‍ പറഞ്ഞ പാവാടക്കാരിയുടെ കേസ് തന്നെ ആണ് എന്ന് മനസ്സിലുറപ്പിച്ചു ഞാന്‍ വിക്കി വിക്കി പറഞ്ഞു തുടങ്ങി, " അത്... പിന്നെ..മനു അണ്ണാ..ഞാന്‍ ഞാനല്ല.. സത്യമായിട്ടും ഞാനല്ല...!! "

"എന്തോന്ന്..??   നീ  നിയല്ലേ..?? പിന്നെ നീ ആരാ..???എന്തുവാടാ നട്ടുച്ചയ്ക്ക് പിച്ചും പേയും പറയുന്നത്..?  ഞാന്‍ നിന്നോട് നിന്റെ ബ്ലോഗേഴുത്തിനെ  കുറിച്ച് പറയാന്‍ വന്നതാ "

ഹോ..!! എന്റെ ശ്വാസം നേരേ വീണു. പങ്കജകസ്തുരിയുടെ  പരസ്യത്തില്‍  ലാലേട്ടന്‍ Breath Easy എന്ന് പലവട്ടം പറയുമ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് Breath Easy എന്ന് പറയുന്നത് Grammatically തെറ്റല്ലേ എന്ന്. ചിലപ്പോ ഇങ്ങനെ ശ്വാസം നേരേ വീഴുന്ന അവസരങ്ങളെ അങ്ങനെയും പേരിട്ടു വിളിക്കുമായിരിക്കും. 

"ബ്ലോഗേഴുത്തിനെ കുറിച്ചോ..? ഞാന്‍ അതിനെ ആകെ പാടെ ഒരു തവണ അല്ലേ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തോള്ളൂ അത് ഒരു തെറ്റാണോ?"

" അതേ, അതൊരു തെറ്റാണു.. നീ ഈ പരിപാടി ഉടനെ എങ്ങും  നിര്‍ത്തില്ല എന്നല്ലേ  നിന്റെ ആദ്യത്തെ ബ്ലോഗ്ഗില്‍ പറഞ്ഞത്, സമൂഹത്തിനെ സേവിക്കണം, മല മറിക്കണം, അറബികടല് കുടിച്ചു വറ്റിക്കണം..എന്തൊക്കെയാരുന്നു എന്നിട്ട് വല്ലതും നടന്നോ?? എടാ ആണുങ്ങളായാല്‍ പറഞ്ഞ വാക്കിനു  വില വേണം."

അപ്പൊ പെണ്ണുങ്ങള്‍ക്ക്‌  തോന്നിയത്  പോലെ ജീവിക്കാം എന്നാണോ എന്ന്  ചോദിക്കെണം എന്നുണ്ടായിരുന്നു,ചോദിച്ചില്ല .

"അത് പിന്നെ അണ്ണാ, കോളേജ് അവസാനിക്കുന്നതിന്റെ തിരക്കും, പരീക്ഷയും ഒക്കെ ആയതുകൊണ്ട് സമയം കിട്ടിയില്ല. "

"എടാ ഈ സമയം എന്ന് പറഞ്ഞാല്‍ നീ വാടകയ്ക്ക് വിളിച്ച ടാക്സി ഒന്നുമല്ല നിന്റെ സൌകര്യത്തിനു നിര്‍ത്താനും കേറി പോകാനും, വേണം എന്ന് വിചാരിച്ചാല്‍ ഈ ലോകത്ത് ചെയ്യാന്‍ പറ്റാതതായിട്ടു ഒന്നുമില്ല."

"എന്നാ പിന്നെ  ബിന്‍ ലാദേനെ വേണം വേണം എന്ന് അമേരിക്ക വിചാരിച്ചിട്ട് എന്താ കിട്ടാത്തത്..??"

അതോടു കൂടി മനു അണ്ണന്റെ വാ അടഞ്ഞു. അണ്ണന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. ഒരു പത്തടി മുന്നോട്ടു നടന്ന ശേഷം അണ്ണന്‍ ഒന്ന് തിരിഞ്ഞു നോക്കി മന്ദഹസിച്ചു, വീണ്ടും നടന്നു. 

അടുത്ത ദിവസത്തെ പത്രത്തിന്റെ തലക്കെട്ട്‌ കണ്ടു ഞാന്‍ ഞെട്ടി, - 'ഉസാമ ബിന്‍ ലാദേന്‍ കൊല്ലപ്പെട്ടു'.

അങ്ങനെ ഞാന്‍ എന്‍റെ ബ്ലോഗെഴുത്ത് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 

Friday, December 31, 2010

ആമുഖം - I


നമസ്കാരം..
വൈകുണ്ഠത്തിലേക്ക്  അഥവാ  Why..?? കുന്തം...!!!  - ങ്ങാ..അത് തന്നെ , അതിലേക്കു സ്വാഗതം  



എന്‍റെ പേര്വിഷ്ണുഞാന്‍  ലോകത്ത് വന്നിട്ട് പത്തു ഇരുപത്തിമൂന് വര്‍ഷം ആയിഎന്നിരുന്നാലും  ഭൂലോഗത്ത് ഞാന്‍ ഒരു തുടക്കകാരന്‍‍ തന്നെആര്‍ഷ ഭാരത സംസ്കാരത്തിന് അടിത്തറ പാകിയ വേദങ്ങളും ഉപനിഷത്തുക്കളും വായിച്ചു അതിലെ നിന്ന് ഉത്ബോധിതനായത് കൊണ്ടൊന്നുമല്ല ഞാന്‍ ബ്ലോഗെഴുത്ത്   തുടങ്ങാം എന്ന് കരുതിയത്‌, വെറുതേ ഒരു രസം അത്ര തന്നെ. എന്തിരുന്നാലും  ഞാന്‍‍  പരിപാടി ഉടനെ എങ്ങും നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല .

ഞാന്‍ മഹാത്മാ ഗാന്ധിഅംബേദ്‌കര്‍  എന്നിവരെ പോലെ ഉള്ള ഒരാളാണ്ഹോ..! ഇത്ര അഹങ്കാരമോ എന്ന് ചിന്തിക്കാന്‍  വരട്ടെഞാന്‍  ഉദ്ദേശിച്ചത് ഞാന്‍  അവര്‍ ഒരു കാലത്ത് ചെയ്തത് പോലെ നിയമം പഠിക്കുന്ന ഒരാള്‍ ആണ് എന്നാണ്അതെഞാന്‍ ഒരു നിയമ വിദ്യാര്‍ഥി ആണ്ഏതാനും മാസങ്ങള്‍  കൂടി കഴിഞ്ഞാല്‍ ഞാന്‍   ഒരു വക്കില്‍ ആകുംആകുമാരിക്കുംആകണം (ഈശ്വാരാ..!!)

അങ്ങനെ ഇരുന്നപോഴാണ് പെട്ടെന്ന് ഒരു ഉള്വിളിസമൂഹത്തിന് വേണ്ടി എന്തെങ്ങിലും ചെയ്യേണംസമൂഹത്തിന് വേണ്ടി എന്തെങ്ങിലും ചെയ്യേണം എന്ന്പിന്നെ അതിനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുപലരോടും ചോദിച്ചു, "നിന്‍റെ  ഒടുക്കത്തെ തീറ്റി കുറക്കെടാ..!! ", ഒരുത്തന്‍റെ ഉപദേശം, "ഒന്ന് കുളിച്ചാല്‍ നന്നായിരിക്കും"- മറ്റൊരാള്‍"പോയി ചാവേടാ"- വേറൊരുത്തന്‍   അവന്‍റെ ഒക്കെ പരമ്പരയെ മുഴുവന്‍ മനസ്സില്‍  തെറി പറഞ്ഞു കൊണ്ട്‌ ഞാന്‍ വീണ്ടും ചിന്തിച്ചു...ഒടുക്കം SocialNetwork എന്ന ഇംഗ്ലീഷ് പടം കണ്ടപ്പോള്‍ ഒരു ആശയം ഉദിച്ചുവല്ല ഓണ്‍ലൈന്‍ പരിപാടിയും ട്രൈ ചെയ്താലോ എന്ന്. പക്ഷെ Mark Zuckerberg എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. internetല്‍ Facebook നും Gmail നും അപ്പുറം ഒന്നും അറിയാത്ത ഞാന്‍ എന്ത് ചെയ്യാന്‍. അപ്പോഴാണ് ബ്ലോഗ്‌ എന്ന ആശയം ഉദിച്ചത്...Yes..! What an Idea sirjee…!!

  
അങ്ങനെ ഞാനും ഒരു ബ്ലോഗനാകാന്‍‍ തീരുമാനിച്ചു.
 ബ്ലോഗിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയുന്നതായിരിക്കും 

സസ്നേഹം വിഷ്ണു  :)