Wednesday, September 12, 2012

Harry പൊട്ടന്‍

"എടാ നിന്റെ ബ്ലോഗ്‌ ആകെപ്പാടെ കാട് പിടിച്ചു  കിടക്കുവാണല്ലോ, ആരും ഈ വഴിക്ക് വരാറോന്നും ഇല്ല അല്ലെ ?"

ഉത്തരം മുട്ടിച്ച ഒരു ചോദ്യം ആയിരുന്നു അത്. സംഭവം വാസ്തവം ആണെങ്കിലും  അത് അംഗീകരിക്കാന്‍  ഒരു മടി. അല്ലേലും ഈ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുക എന്നത് അവന്‍റെ ഹോബിയാണ്. ഹരി, അതാണ്‌ അവന്‍റെ പേര്.  പേരങ്ങനെയാണെങ്കിലും  ആവശ്യം വരുന്ന ചില സന്ദര്‍ഭങ്ങളില്,കൃത്യമായി പറഞ്ഞാല്,പരിഷ്കാരികളായ തരുണി മണികളുടെ അടുത്ത്, അവന്‍ സ്വയം പരിചയപ്പെടുത്തുന്നത് Harry എന്നാണ്.

ഓര്‍മ്മ വെച്ച കാലം മുതലുള്ള ചങ്ങാതി ആയതു കൊണ്ട് പറയുകയാണ് എട്ടിന്റെ പണി tender വിളിച്ചു എടുക്കുക എന്നതാണ് ഇവന്‍റെ കുലത്തൊഴില്‍ ..!!  സ്കൂളില്‍  പഠിക്കുന്ന കാലത്ത് ടീച്ചര്‍മാരുടെ കയ്യില്‍ നിന്ന് കിട്ടാനുള്ള അടി അവന്‍ എന്തെങ്ങിലും പറഞ്ഞു  പ്രിന്‍സിപാളിന്റെ-കയ്യില്‍നിന്നുള്ള-അടി ആക്കി മാറ്റും.   പലപ്പോഴും ഞാനും അറിഞ്ഞോ അറിയാതെയോ കൂട്ടുപ്രതി ആകാറുണ്ട്. ഒരു ഉദാഹരണം പറയാം, ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അസംബ്ലി സമയത്തുള്ള Prayer  time 'ല്‍ എല്ലാരും കണ്ണടച്ച് നില്‍ക്കേണം എന്നാണ് നിയമം. അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ പിന്നെ സ്വാഭാവികമായും കണ്ണ് തുറക്കാനുള്ള  ഒരു  temptation ആര്‍ക്കായാലും ഉണ്ടാകുമല്ലോ, അങ്ങനെ ഞാന്‍ പതിവുപോലെ  ഒരു ദിവസം prayer time'ല്‍   കണ്ണ് തുറന്നു നോക്കി.  നോക്കിയപ്പോള്‍ അവനും കണ്ണ് തുറന്നു എന്നേ നോക്കുന്നു, ഹോ  പറഞ്ഞറിയിക്കാന്‍ പറ്റാത്ത  ഒരു ആത്മ നിര്‍വൃതി..!! ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. പക്ഷെ അത് അധിക നേരം നീണ്ടു നിന്നില്ല  അസംബ്ലി കഴിഞ്ഞപ്പോതന്നെ ഞങ്ങളെ പ്രേമാ മിസ്സ്‌ പൊക്കി. 

"Prayer  time 'ല്‍  കണ്ണടച്ച് നില്‍ക്കേണം എന്ന് അറിഞ്ഞു കൂടെ ?" , ടീച്ചര്‍ന്‍റെ  വക ചോദ്യം ചോദ്യം ചെയ്യല്‍തുടങ്ങി. തല്ല്  തരുന്നതിനു മുമ്പായി ചോദ്യം ചെയ്യേണം എന്നാണല്ലോ ചരിത്രാതീതകാലം മുതല്കെ  പിള്ളേരെ തല്ലുന്നവരുടെ  കീഴ്വഴക്കം.

"അറിയാം മിസ്സ്, പക്ഷെ മുകളില്‍ മരച്ചില്ലയില്‍  ഇരുന്ന കാക്ക തലയില്‍ കാഷ്ടിക്കുമോ എന്ന് സംശയം തോന്നിയപ്പോ അറിയാതെ കണ്ണ് തുറന്നു നോക്കിയതാ", ഞാന്‍ പ്രപഞ്ചത്തിലെ സകല വിനയവും എന്നിലേക്ക്‌ ആവാഹിച്ചു മറുപടി പറഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞു തീരും മുന്‍പ് ഹരി മറ്റൊരു മറുപടി പറഞ്ഞു കഴിഞ്ഞിരുന്നു. 

"ടീച്ചറേ ദൈവത്തിനു മുന്നില്‍ എല്ലാരും ഒരുപോലാ. ടീച്ചര്‍ കണ്ണ് തുറന്നു നോക്കിയത് കൊണ്ടല്ലേ ഞങ്ങളെ കണ്ടത്, അപ്പൊ ടീച്ചറേ ആര് ശിക്ഷിക്കും?"

എടാ മഹാപാപി..!! നിനക്ക് 'ഞങ്ങള്‍' എന്ന് ബഹുവചനത്തില്‍ തന്നെ പറയണമാരുന്നല്ലേ.. വെറുതേ എനിക്കും കൂടി പണി വാങ്ങി തന്നു, ഞാന്‍ മനസ്സില്‍ പറഞ്ഞു.   എന്തായാലും അന്ന് ടീച്ചര്‍ ഞങ്ങളെ തല്ലിയില്ല. ആ വിഷയത്തില്‍ അന്ന് ഞങ്ങളെ തല്ലാന്‍ ഭാഗ്യം ലഭിച്ചത് പ്രിന്‍സിപാളിനായിരുന്നു.  

മറ്റൊരിക്കല്‍ അവന്‍ സയന്‍സ് പഠിപ്പിക്കുന്ന ടീച്ചറോട്‌ ചോദിച്ച ചോദ്യം കുറേ കാലത്തേക്ക് എനിക്ക് ഒരു പ്രഹേളികയായിരുന്നു. 

"ടീച്ചറേ, ഈ ഭൂമി കറങ്ങി കൊണ്ടിരിക്കുവല്ലേ, അപ്പൊ ഇവിടുന്നു ദുബായില്‍ പോകണം എങ്കില്‍ Plane  ല്‍ കേറി നേരേ മുകളിക്ക്‌ പോയാല്‍ പോരേ. എന്നിട്ട് ഭൂമി കറങ്ങുന്ന കൂട്ടത്തില്‍ Plane ന്‍റെ  നേരേ അടിയില്‍ ദുബായ് വരുമ്പോള്‍ തിരിച്ചു ലാന്‍ഡ്‌ ചെയ്‌താല്‍ പോരേ." - ഇതായിരുന്നു അവന്‍റെ സംശയം.     
       
 ഇത്രക്കൊന്നും കടുപ്പം പിടിച്ചതല്ലെങ്കിലും എന്‍റെ  ബ്ലോഗിനെ കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് പറയാന്‍ പ്രത്യേകിച്ച് മറുപടി ഒന്നും ഇല്ലായിരുന്നു. ഞാന്‍ അവനോടു ബ്ലോഗ്‌ തുടങ്ങിയതും പിന്നീട് മനു അണ്ണന്റെ കാര്യവും, പിന്നെ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതും ഒക്കെ പറഞ്ഞു.  

എല്ലാം കേട്ട് കഴിഞ്ഞപ്പോ അവന്‍ പറഞ്ഞു, "അതിപ്പോ ഒസാമ ബിന്‍ ലാദനെ എന്തായാലും ഒബാമ ഭരകൂടം പിടികൂടും എന്ന് ആര്‍ക്കാ അറിയാത്തത്"  

"ങേ..!! അതെന്താ അങ്ങനെ"  ഞാന്‍ ചോദിച്ചു.

"എടാ മണ്ടാ അതിനൊക്കെ ഒരു പ്രകൃതി നിയമം ഉണ്ട്" 

"എന്ന് വെച്ചാ..?"

"അത് അങ്ങനയെ  സംഭവിക്കുകയുള്ളൂ  എന്ന്"  

"ഒന്ന് തെളിച്ചു പറയടെയ് " 

"എടാ ഈ രാവണനെ വധിച്ചത് ആരാ ?"

"രാമന്‍."""

"രാമന്‍റെ പേരിന്‍റെ first ലെറ്റര്‍ എന്താ ?"

"R "

"രാവണന്റെയോ"

"അതും R "

"ഈ കംസനെ വധിച്ചത് ആരാ?" 

"കൃഷ്ണന്‍ "

"അവിടെയും first ലെറ്റര്‍  onnu തന്നെയല്ലേ? "

"അതേ..എന്ന് വെച്ച്...", ഞാന്‍ പറഞ്ഞു തുടങ്ങി.

പക്ഷെ അവന്‍ അത് കാര്യമാക്കാതെ തുടര്‍ന്നു, " എല്ലാം പോട്ടേ നമ്മുടെ ഗാന്ധിജിയെ വധിച്ചത് ആരാ ? "  

"ഗോഡ്സെ"

"അത് കൊണ്ടും തീര്‍ന്നില്ല,  ഈ കാട്ടു കൊള്ളകാരന്‍ വീരപ്പനെ വധിച്ചത് ആരാണ് എന്ന് അറിയാമോ?"  

"ബാലരമേലെ വിക്രമനും മുത്തുവും ആരിക്കും..!!", അല്ല പിന്നെ ഓരോ കാര്യം പറഞ്ഞു വരുന്നതേ..!!  

"നിനക്ക് അറിയില്ലെങ്കില്‍ പറഞ്ഞു തരാം, അത് ഒരു വിജയകുമാര്‍ എന്ന് പേരുള്ള ഒരാളുടെ നേതൃത്വത്തില്‍  ആയിരുന്നു, അതും V, അതുപോലെ തന്നെ ഒസാമ ബിന്‍ ലാദനെ  എന്ത് വന്നാലും ഒബാമ ഭരണകൂടം തന്നെ വധിക്കുമാരുന്നു."

"ഹോ കൊള്ളാം, പ്രത്യേകിച്ച് തൊഴില്‍ ഒന്നും ഇല്ലാത്തതു കൊണ്ട് എന്ത് വിവരക്കേട് വേണമെങ്കിലും ആലോചിച്ചു കൂട്ടാമല്ലോ"

"എന്ത് വിവരക്കേട്? ഇതൊക്കെ നിയതമായ പ്രപഞ്ച രഹസ്യങ്ങളാണ് സുഹൃത്തേ "   

"പിന്നെ മണ്ണാങ്കട്ട..!!  എങ്ങാനും ബുഷ്‌ ഭരണകാലത്ത് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടരുന്നെങ്കില്‍ നിന്റെ ഈ theory എല്ലാം തെറ്റില്ലാരുന്നോ " 

"ഇല്ല അപ്പോഴും തെറ്റില്ല, അപ്പൊ ബുഷ്‌ ബിന്‍ ലാദനെ വധിച്ചു എന്ന് പറയും ..രണ്ടും B ..!!"   

ആ നിമിഷം എനിക്ക് ഉത്തരം മുട്ടി. 

എനിക്ക് അവനോടു ഒന്നേ ചോദിക്കാന്‍ ഉള്ളായിരുന്നു,  "അളിയാ നീ എന്‍റെ ബ്ലോഗില്‍ വല്ലപ്പോഴും എന്തെങ്കിലും എഴുതി തരാമോ..ഞാന്‍ അത് എന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്തോളാം please"