Wednesday, September 14, 2011

ആമുഖം - III


ഈ ബ്ലോഗ്‌ വായിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായും സംശയം തോന്നാം, ഇവെനെന്താ ഈ ബ്ലോഗില്‍ ആമുഖം മാത്രമേ എഴുതുക ഉള്ളോ എന്ന്. ക്ഷമിക്കേണം ഇതാണ് ആമുഖത്തിന്റെ  അവസാന ഭാഗം..സത്യം..!!! 


ഇത്രെയും നീളത്തില്‍ ആമുഖം എഴുതാന്‍ ഇതെന്താ മെഗാ സീരിയലിന്റെ തിരകഥ ആണോ എന്ന് സംശയിക്കേണ്ട.  ഒരു മെഗാ സീരിയലിന്റെ അത്രയും  വരില്ലെങ്കിലും ഒരു റിയാലിറ്റി ഷോയുടെ അത്രെയും എങ്കിലും നിങ്ങളെ ബോര്‍ അടിപ്പിക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍ ഇത് എഴുതുന്നത്. മറ്റൊരു തരത്തിലും ഈ ബ്ലോഗിനെ ഒരു റിയാലിറ്റി ഷോയുമായി താരതമ്യം ചെയ്യാം, അതായത് ഇതില്‍ നിങ്ങള്‍ വായിക്കുന്ന പല കാര്യങ്ങളും സത്യമാണ് എന്ന് നിങ്ങള്‍ക്ക് ഒരു പക്ഷെ തോന്നിയേക്കാം, പക്ഷെ  അതിലൊന്നും ഒരു വാസ്തവവും ഉണ്ടാകില്ല, എന്നാലും അവിടെയും ഇവിടെയും ചിലപ്പോ വല്ല സത്യങ്ങളും കണ്ടെന്നും വന്നേക്കാം. നമുക്ക് ചുറ്റുമുള്ള പലരെയും പോലെ എനിക്കും Reality കുറവാണ്, എന്നാല്‍ Show ഇറക്കുന്നതിനു ഒരു കുറവും ഇല്ല എന്നും  കൂട്ടിക്കോളു. അതു പോലെ തന്നെ ഈ ബ്ലോഗില്‍  ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റുകള്‍ വന്നേക്കാം, പക്ഷെ പല റിയാലിറ്റി ഷോ അവതാരകരെയും പോലെ മലയാള ഭാഷയെ കൊന്നു കൊല വിളിച്ച് അതിന്റെ പോക കണ്ടേ അടങ്ങു എന്നുള്ള വാശി ഒന്നും എനിക്കില്ല. മലയാള ഭാഷ നമ്മുടെ തറവാട്ടമ്മ എന്ന കവി ഭാവന വിസ്മരിക്കുന്നില്ലെങ്കിലും ഇംഗ്ലീഷ് ഭാഷക്ക് ഒരു ഭാര്യയുടെ സ്ഥാനം നല്‍കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഇനി ഈ ബ്ലോഗിന്റെ പേരിനെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ, ഈ ബ്ലോഗിനെ നിങ്ങള്‍ക്ക് വൈകുണ്ഡം എന്നോ Why..?? കുന്തം...!!! എന്നോ വിളിക്കാം.. മലയാളത്തിലെ വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതുമ്പോള്‍ സംഭവിക്കാവുന്ന അബദ്ധങ്ങള്‍ ഒരുപാടാണ്‌. നാടുണരുന്നു (NADUNARUNNU) എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ അതു നാട് നാറുന്നു  എന്ന് വായിക്കാം എന്ന് പണ്ടേ അഴീകൊടുള്ള ഒരു മാഷ്‌ ചൂണ്ടി കാണിച്ചതാണ്.  കുറച്ചു നാള്‍ മുന്‍പ് പ്രണയം എന്ന സിനിമയുടെ ട്രെയിലര്‍ കാണാന്‍ യു ടുബില്‍ PRANAYAM എന്ന് സെര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയിരുന്നത് ഏതോ വടക്കേ ഇന്ത്യന്‍ സന്യാസി പ്രാണായാം എന്ന പേരില്‍ കാണിക്കുന്ന അഭ്യാസങ്ങളാണ്. ഈ ബ്ലോഗിന്റെ പേരിനും ഇതുപോലെ ഒരു പ്രത്യേകത ഉണ്ടെന്നു വേണമെങ്കില്‍ പറയാം.    പേര് കൊണ്ട് ഞാന്‍ ഒരു വിഷ്ണു ആയതിനാല്‍ ആണ് വൈകുണ്ഡം എന്ന പേര്, അത് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതുമ്പോള്‍ Why..?? കുന്തം...!!! എന്ന് വായിക്കുന്ന രീതിയിലും എഴുതാം. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് മലയാളികള്‍ പണ്ട് തൊട്ടേ പറയുന്ന ഉത്തരമാണ്- "കുന്തം..!!!" മനസിലാകാത്ത കാര്യങ്ങളെ നമ്മള്‍ "ആ എന്തോ  കുന്തം" എന്ന് പറഞ്ഞു  തള്ളി കളയാറുണ്ട്. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നുള്ള പഴമൊഴിയില്‍ നിന്ന് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നത് കുന്തവും മലയാളികളും തമ്മില്‍ ഇഴ പിരിയാത്ത ബന്ധമാണ് വര്‍ഷങ്ങളായി നില നിന്ന് പോരുന്നത് എന്ന വസ്തുതയാണ്. അങ്ങേനെയുള്ള മലയാളികള്‍ക്കായി ഞാന്‍ മറ്റൊരു കുന്തവും കൊണ്ട് വരുന്നു. 

 വൈകുണ്ഡം  അഥവാ  Why..?? കുന്തം...!!!

എന്തു കുന്തമാണോ എന്തോ ..!! 

Thursday, May 5, 2011

ആമുഖം - II

ഇവിടെ ആരും ഇല്ലേ..?? ആരും  ഇല്ലേ എന്നാണ് ചോദിച്ചത്.. !!

ശബ്ദം കേട്ട് ഞാന്‍ ഉച്ച മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. മാമ്പഴ പുളിശ്ശേരിയും, മീന്‍ കറിയും കൂട്ടി കുശാലായി ചോറുണ്ടിട്ട് ഒന്ന് മയങ്ങാന്‍ കിടന്നപോഴേക്കും  ശല്യം ചെയ്യാന്‍ വന്നവനെ പ്രാകിക്കൊണ്ട്‌ ഞാന്‍ വാതില്‍ക്കല്‍ ചെന്ന് ആരാണ് എന്ന് നോക്കി. അതാ വാതില്‍ക്കല്‍ മനു അണ്ണന്‍ . 

"ങാ മനു അണ്ണന്‍ ആയിരുന്നോ? എന്താ വിശേഷിച്ച്‌?"

"ഞാന്‍ നിന്നെ കണ്ടു രണ്ടു വര്‍ത്തമാനം പറയാന്‍ വന്നതാ" .. എന്റെ ഉള്ളൊന്നു കാളി. ഈശ്വരാ ഞാന്‍ ഇങ്ങേരുടെ കയ്യില്‍ നിന്നും വല്ലോം കടം വാങ്ങിയാരുന്നോ ?.. ഇല്ലെന്നാണ് എന്റെ ഓര്‍മ. ഇനി  രണ്ടു ദിവസമായി മിസ്ഡ് കോള്‍ അടിക്കുന്ന ആ പെങ്കൊച്ചു മനു അണ്ണന്റെ ആരെങ്കിലും ആയിരിക്കുമോ.. ഏയ് അവള്‍ പാലക്കാട്‌ ഏതോ തീരപ്രദേശത്ത് ആണ് വീട് എന്നലേ പറഞ്ഞത്, അപ്പൊ അതും ആവില്ല. പിന്നെ ഇനി ഇന്നലെ റോഡില്‍ കൂടി പോയ ആ പട്ടു പാവടാക്കാരി പെണ്‍കുട്ടി മനു അണ്ണന്റെ ആരെങ്ങിലും ആയിരുന്നിരിക്കുമോ? പടച്ചോനെ...!! ആണെങ്ങില്‍ പണി പാളി..!!

മേല്‍ പറഞ്ഞ പാവാടക്കാരിയുടെ കേസ് തന്നെ ആണ് എന്ന് മനസ്സിലുറപ്പിച്ചു ഞാന്‍ വിക്കി വിക്കി പറഞ്ഞു തുടങ്ങി, " അത്... പിന്നെ..മനു അണ്ണാ..ഞാന്‍ ഞാനല്ല.. സത്യമായിട്ടും ഞാനല്ല...!! "

"എന്തോന്ന്..??   നീ  നിയല്ലേ..?? പിന്നെ നീ ആരാ..???എന്തുവാടാ നട്ടുച്ചയ്ക്ക് പിച്ചും പേയും പറയുന്നത്..?  ഞാന്‍ നിന്നോട് നിന്റെ ബ്ലോഗേഴുത്തിനെ  കുറിച്ച് പറയാന്‍ വന്നതാ "

ഹോ..!! എന്റെ ശ്വാസം നേരേ വീണു. പങ്കജകസ്തുരിയുടെ  പരസ്യത്തില്‍  ലാലേട്ടന്‍ Breath Easy എന്ന് പലവട്ടം പറയുമ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് Breath Easy എന്ന് പറയുന്നത് Grammatically തെറ്റല്ലേ എന്ന്. ചിലപ്പോ ഇങ്ങനെ ശ്വാസം നേരേ വീഴുന്ന അവസരങ്ങളെ അങ്ങനെയും പേരിട്ടു വിളിക്കുമായിരിക്കും. 

"ബ്ലോഗേഴുത്തിനെ കുറിച്ചോ..? ഞാന്‍ അതിനെ ആകെ പാടെ ഒരു തവണ അല്ലേ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തോള്ളൂ അത് ഒരു തെറ്റാണോ?"

" അതേ, അതൊരു തെറ്റാണു.. നീ ഈ പരിപാടി ഉടനെ എങ്ങും  നിര്‍ത്തില്ല എന്നല്ലേ  നിന്റെ ആദ്യത്തെ ബ്ലോഗ്ഗില്‍ പറഞ്ഞത്, സമൂഹത്തിനെ സേവിക്കണം, മല മറിക്കണം, അറബികടല് കുടിച്ചു വറ്റിക്കണം..എന്തൊക്കെയാരുന്നു എന്നിട്ട് വല്ലതും നടന്നോ?? എടാ ആണുങ്ങളായാല്‍ പറഞ്ഞ വാക്കിനു  വില വേണം."

അപ്പൊ പെണ്ണുങ്ങള്‍ക്ക്‌  തോന്നിയത്  പോലെ ജീവിക്കാം എന്നാണോ എന്ന്  ചോദിക്കെണം എന്നുണ്ടായിരുന്നു,ചോദിച്ചില്ല .

"അത് പിന്നെ അണ്ണാ, കോളേജ് അവസാനിക്കുന്നതിന്റെ തിരക്കും, പരീക്ഷയും ഒക്കെ ആയതുകൊണ്ട് സമയം കിട്ടിയില്ല. "

"എടാ ഈ സമയം എന്ന് പറഞ്ഞാല്‍ നീ വാടകയ്ക്ക് വിളിച്ച ടാക്സി ഒന്നുമല്ല നിന്റെ സൌകര്യത്തിനു നിര്‍ത്താനും കേറി പോകാനും, വേണം എന്ന് വിചാരിച്ചാല്‍ ഈ ലോകത്ത് ചെയ്യാന്‍ പറ്റാതതായിട്ടു ഒന്നുമില്ല."

"എന്നാ പിന്നെ  ബിന്‍ ലാദേനെ വേണം വേണം എന്ന് അമേരിക്ക വിചാരിച്ചിട്ട് എന്താ കിട്ടാത്തത്..??"

അതോടു കൂടി മനു അണ്ണന്റെ വാ അടഞ്ഞു. അണ്ണന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. ഒരു പത്തടി മുന്നോട്ടു നടന്ന ശേഷം അണ്ണന്‍ ഒന്ന് തിരിഞ്ഞു നോക്കി മന്ദഹസിച്ചു, വീണ്ടും നടന്നു. 

അടുത്ത ദിവസത്തെ പത്രത്തിന്റെ തലക്കെട്ട്‌ കണ്ടു ഞാന്‍ ഞെട്ടി, - 'ഉസാമ ബിന്‍ ലാദേന്‍ കൊല്ലപ്പെട്ടു'.

അങ്ങനെ ഞാന്‍ എന്‍റെ ബ്ലോഗെഴുത്ത് പുനരാരംഭിക്കാന്‍ തീരുമാനിച്ചു.